Monday 30 November 2009

രോഹിണിയുടെ മകള്‍

അവള്‍
കാണാന്‍ അതിസുന്ദരിയായിരുന്നു
മണ സോപ്പിട്ട് കുളിപ്പിച്ച്, നന്നായ് തോര്‍ത്തി
ചന്ദനം ചാര്‍ത്തി കഴിഞ്ഞാല്‍
കുഷ്യനിട്ട സെറ്റിയില്‍, പങ്കയുടെ കാറ്റേറ്റ്
സുഖമായ് കൂര്‍ക്കം വലിച്ച് ഒന്നുറങ്ങണം

ആരങ്കിലും വിരുന്നുകാര്‍ വീട്ടില്‍ വന്നാല്‍
ഓടി എന്റെ അടുത്ത് വരും
അവര്‍ പോകും വരെ വഴക്കുണ്ടാക്കാതെ
എന്റെ ഓരം ചാരി നില്‍ക്കും

ഞാന്‍
മുറ്റത്തേക്കോ തൊടിയിലേക്കോ ഇറങ്ങിയാല്‍
അവള്‍ക്കും ഒപ്പം വരണം
ജോലിക്കു പോകാന്‍ ഇറങ്ങുമ്പോള്‍ അവളുടെ
കണ്ണുതപ്പി വേണം പടിപ്പുര കടക്കാന്‍

എന്നെ വീട്ടില്‍ കാണാതായാല്‍ പിന്നെ
കരഞ്ഞു വിളിച്ച് അമ്മയോട് വല്ലാത്ത വഴക്കാണ്
വൈകുന്നേരം ആഫീസില്‍ നിന്നും തിരികെ
എത്തുമ്പോള്‍ എന്നെ കാത്ത് ഉമ്മറത്തുണ്ടാകും

രാത്രി
അത്താഴം കഴിഞ്ഞാല്‍ അടുക്കളയില്‍ നിന്നും
ഞാന്‍ ഇറങ്ങും വരെ എന്റെ അടുത്തുനിന്ന് മാറില്ല
അടുക്കളയിലെ ദീപം അണച്ചാല്‍ വേഗം
എനിക്ക് മുന്‍പേ കിടപ്പുമിറിയിലേക്ക് ഓടും

പാലുകുടിച്ച് മുഖം ഇരു കൈകൊണ്ടും തുടച്ച്
പുതപ്പിനടിയില്‍ എന്റെ ചൂടേറ്റ് കിടന്നേ ഉറങ്ങൂ
രാത്രി എന്തങ്കിലും ഒച്ച കേട്ടാല്‍, ഞാന്‍ എഴുന്നേറ്റാല്‍
അവളും ചാടി എഴുനേറ്റ് കരഞ്ഞ് ഒച്ചയുണ്ടാക്കും

ഇന്നലെ
രാവിലെ അവള്‍ പതിയെ ശബ്ദത്തില്‍
വല്ലാതെ കരഞ്ഞു, കുറേ ഛര്‍ദ്ദിച്ചു
അവധി എടുത്ത് ആശുപത്രിയില്‍ എത്തിക്കുമ്പോള്‍
അവള്‍ തീരെ അവശയായിരുന്നു

പാലില്‍ കലക്കിയ മരുന്നു കുടിച്ച് ഉറങ്ങിയപ്പോള്‍
ഇനി അവള്‍ ഉണരില്ലന്ന് കരുതിയില്ല്
പൂച്ചയങ്കിലും അവളെനിക്ക് മകളായിരുന്നതിനാല്‍
ഇനി മേലില്‍ ഞാന്‍ പൂച്ചയെ വളര്‍ത്തില്ല്


ജീവിതത്തില്‍ എപ്പൊഴങ്കിലുമൊക്കെ ഒരു പൂച്ചയെ ഇഷ്ടപ്പെടാത്തവര്‍ വളരെ കുറവായിരിക്കും. എത്ര ഇഷ്ടമില്ലാത്തവരായാലും ഒരു പൂച്ചയെ വളര്‍ത്തിയാല്‍ അതിനോട് വല്ലാത്ത ഒരു ആത്മബന്ധം ഉണ്ടായിപോകും. അതാണ് പൂച്ച. ഒരേസമയം ഏഴ് പൂച്ചകളെ സ്നേഹിച്ച വീട്ടില്‍ പെട്ടന്നൊരു ദിവസം എന്തോ അസുഖം വന്ന് എല്ലാം ഇല്ലാതായപ്പോള്‍ തോന്നിയ ശൂന്യത, ഇന്നലെ ഒരു സുഹ്യത്ത്, അവളുടെ പൂച്ച ചത്തുപോയി എന്ന് പറഞ്ഞപ്പോള്‍ വീണ്ടും ഓര്‍ത്തുപോയി. എന്റെ വീട്ടിലെ ചിഞ്ചു എന്നു വിളിപ്പേരുണ്ടായിരുന്ന ബുദ്ധിമതിയായ സുന്ദരിപൂച്ചയുടെ ജീവിതമാണ് ഇത്. ഇതിനെ കവിതയന്നോ ഗദ്യമന്നോ വായനക്കാരന്റെ ഇഷ്ടം പോലെ വിളിക്കാം.

-30 November 2009-

1 comment: