Sunday, 20 December 2009

സൗഹ്യദം

ദു:ഖം നിറഞ്ഞ സ്വന്തം ബാല്യത്തെ
മധുരം നിറഞ്ഞ വേദനയോടെ
ഒരു കവി സ്നേഹിക്കുന്നതുപോലെ
നീ എന്നെ സ്നേഹിക്കണം

കൈവിട്ടുപോയ സ്വന്തം ജീവിതത്തെ
നിരാശ നിറഞ്ഞ വേദനയോടെ
ഒരു ഭിക്ഷാംദേഹി ഓര്‍ക്കുന്നതുപോലെ
നീ എന്നെ ഓര്‍ക്കണം

ആള്‍ക്കൂട്ടത്തില്‍ നഷ്ടപ്പെട്ടുപോയ
സ്വന്തം കുഞ്ഞിനെ ഒരു അമ്മ
തിരയുന്നതുപോലെ നീ എന്നെ തേടണം

അങ്ങനെ
മുറിച്ചുമാറ്റാന്‍ കഴിയാത്ത ക്യാന്‍സര്‍പോലെ
നിന്റെ മജ്ജയിലും മാംസത്തിലും ഓരോ-
രോമകൂപങ്ങളിലും എനിക്ക് പടര്‍ന്നു കയറണം.


ചില സൗഹ്യദങ്ങള്‍ അങ്ങനയാണ്. തളിരായ് തന്നെ കൊഴിയും.
മനുഷ്യന്‍ നിസഹായനാകുന നിമിഷങ്ങളിലൊന്ന്.
ഇത് കൈവിട്ടുപോകുന്ന എന്റെ സൗഹ്യദത്തിന്.

-പോഡ്‌കാസ്റ്റ് കേള്‍ക്കാന്‍ മറക്കണ്ട-

Monday, 30 November 2009

രോഹിണിയുടെ മകള്‍

അവള്‍
കാണാന്‍ അതിസുന്ദരിയായിരുന്നു
മണ സോപ്പിട്ട് കുളിപ്പിച്ച്, നന്നായ് തോര്‍ത്തി
ചന്ദനം ചാര്‍ത്തി കഴിഞ്ഞാല്‍
കുഷ്യനിട്ട സെറ്റിയില്‍, പങ്കയുടെ കാറ്റേറ്റ്
സുഖമായ് കൂര്‍ക്കം വലിച്ച് ഒന്നുറങ്ങണം

ആരങ്കിലും വിരുന്നുകാര്‍ വീട്ടില്‍ വന്നാല്‍
ഓടി എന്റെ അടുത്ത് വരും
അവര്‍ പോകും വരെ വഴക്കുണ്ടാക്കാതെ
എന്റെ ഓരം ചാരി നില്‍ക്കും

ഞാന്‍
മുറ്റത്തേക്കോ തൊടിയിലേക്കോ ഇറങ്ങിയാല്‍
അവള്‍ക്കും ഒപ്പം വരണം
ജോലിക്കു പോകാന്‍ ഇറങ്ങുമ്പോള്‍ അവളുടെ
കണ്ണുതപ്പി വേണം പടിപ്പുര കടക്കാന്‍

എന്നെ വീട്ടില്‍ കാണാതായാല്‍ പിന്നെ
കരഞ്ഞു വിളിച്ച് അമ്മയോട് വല്ലാത്ത വഴക്കാണ്
വൈകുന്നേരം ആഫീസില്‍ നിന്നും തിരികെ
എത്തുമ്പോള്‍ എന്നെ കാത്ത് ഉമ്മറത്തുണ്ടാകും

രാത്രി
അത്താഴം കഴിഞ്ഞാല്‍ അടുക്കളയില്‍ നിന്നും
ഞാന്‍ ഇറങ്ങും വരെ എന്റെ അടുത്തുനിന്ന് മാറില്ല
അടുക്കളയിലെ ദീപം അണച്ചാല്‍ വേഗം
എനിക്ക് മുന്‍പേ കിടപ്പുമിറിയിലേക്ക് ഓടും

പാലുകുടിച്ച് മുഖം ഇരു കൈകൊണ്ടും തുടച്ച്
പുതപ്പിനടിയില്‍ എന്റെ ചൂടേറ്റ് കിടന്നേ ഉറങ്ങൂ
രാത്രി എന്തങ്കിലും ഒച്ച കേട്ടാല്‍, ഞാന്‍ എഴുന്നേറ്റാല്‍
അവളും ചാടി എഴുനേറ്റ് കരഞ്ഞ് ഒച്ചയുണ്ടാക്കും

ഇന്നലെ
രാവിലെ അവള്‍ പതിയെ ശബ്ദത്തില്‍
വല്ലാതെ കരഞ്ഞു, കുറേ ഛര്‍ദ്ദിച്ചു
അവധി എടുത്ത് ആശുപത്രിയില്‍ എത്തിക്കുമ്പോള്‍
അവള്‍ തീരെ അവശയായിരുന്നു

പാലില്‍ കലക്കിയ മരുന്നു കുടിച്ച് ഉറങ്ങിയപ്പോള്‍
ഇനി അവള്‍ ഉണരില്ലന്ന് കരുതിയില്ല്
പൂച്ചയങ്കിലും അവളെനിക്ക് മകളായിരുന്നതിനാല്‍
ഇനി മേലില്‍ ഞാന്‍ പൂച്ചയെ വളര്‍ത്തില്ല്


ജീവിതത്തില്‍ എപ്പൊഴങ്കിലുമൊക്കെ ഒരു പൂച്ചയെ ഇഷ്ടപ്പെടാത്തവര്‍ വളരെ കുറവായിരിക്കും. എത്ര ഇഷ്ടമില്ലാത്തവരായാലും ഒരു പൂച്ചയെ വളര്‍ത്തിയാല്‍ അതിനോട് വല്ലാത്ത ഒരു ആത്മബന്ധം ഉണ്ടായിപോകും. അതാണ് പൂച്ച. ഒരേസമയം ഏഴ് പൂച്ചകളെ സ്നേഹിച്ച വീട്ടില്‍ പെട്ടന്നൊരു ദിവസം എന്തോ അസുഖം വന്ന് എല്ലാം ഇല്ലാതായപ്പോള്‍ തോന്നിയ ശൂന്യത, ഇന്നലെ ഒരു സുഹ്യത്ത്, അവളുടെ പൂച്ച ചത്തുപോയി എന്ന് പറഞ്ഞപ്പോള്‍ വീണ്ടും ഓര്‍ത്തുപോയി. എന്റെ വീട്ടിലെ ചിഞ്ചു എന്നു വിളിപ്പേരുണ്ടായിരുന്ന ബുദ്ധിമതിയായ സുന്ദരിപൂച്ചയുടെ ജീവിതമാണ് ഇത്. ഇതിനെ കവിതയന്നോ ഗദ്യമന്നോ വായനക്കാരന്റെ ഇഷ്ടം പോലെ വിളിക്കാം.

-30 November 2009-

Thursday, 26 November 2009

ഒരു മഴ പൈതങ്കില്‍

ഒരു മഴ പൈതങ്കില്‍
എന്നെ നനച്ചെന്റെ മനം
കുളിര്‍ക്കെയൊരു മഴ പൈയ്തങ്കില്‍
ഒരു രാത്രി മഴ തകര്‍ത്തു പൈയ്തങ്കില്‍

വേനലില്‍ കരിയുന്ന മനമുരുകുന്നു
ആര്‍ക്കാണ് വിറ്റതെന്‍ ഹ്യദയം
സ്വപ്നങ്ങള്‍ തേടിയോരെന്‍ ഹ്യദയത്തെ
മുറിച്ച് വിറ്റ് നീ എന്തു നേടി

മുടിയിഴ മറച്ചൊരാ മിഴിയിണ
ചുംബിച്ചെടുത്തോരോ നിമിഷവും
പ്രണയമൊഴുക്കി പകുത്ത
രാത്രി മഴയോടെന്തിനു പിണങ്ങണം

രാവൊഴിഞ്ഞിട്ടും പകലെരിഞ്ഞിട്ടും
നരച്ച കാഴ്ചകള്‍ക്കിടയില്‍ തേടുന്നു
വ്യഥാ നെയ്ത കനവിനാലെണ്ണി-
പടുത്ത പ്രണയ ഹ്യദയം

ഒരു മഴ പൈയ്തങ്കില്‍
ചോരവാര്‍ന്ന് ശൂന്യമായൊരാ
ഹ്യദയത്തില്‍ സ്വപ്നം നിറച്ചൊട്ടു-
നേരമൊന്നുറങ്ങാനൊരു മഴ പൈയ്തങ്കില്‍
ഒരു രാത്രി മഴ തകര്‍ത്തു പൈയ്തങ്കില്‍

Wednesday, 25 November 2009

ചിത

മരണമൊരാര്‍ത്ത നാദമായ്
ഉപ്പു രുചിച്ചീറന്‍ കവിളിനെ
ചുംബിച്ചെടുത്തോരോ
നെഞ്ചില്‍ ചൂട്ടെരിച്ചൊമല്‍
സ്വപ്നങ്ങളെ
ചിതയിലേക്കെടുക്കവേ

ഏറ്റുവാങ്ങുക
ഉറയുരിഞ്ഞ പാമ്പിനെ
ഓംകാര ശബ്ദം പിറക്കും
കണ്ഠത്തില്‍ ചുറ്റുക

ഉടുക്കിന്‍ ശബ്ദം മുറുകവേ
ചടുല ന്യത്തമാടി
തീപകര്‍ന്നീ ചിതയെരിക്കുക

Thursday, 19 November 2009

തന്തയില്ലാത്തവന്‍

കൈകൊണ്ട് പിടിച്ചു കളയേണ്ട ശുക്ലം
മഷിപടര്‍ന്ന ഒരു അക്ഷരതെറ്റുപോലെ
ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കപ്പെട്ടതിനാല്‍
പെറ്റിട്ട ചോരയെ, വലം കാല്‍ കൊണ്ട്
ചവിട്ടിയെറുയുമ്പോള്‍, അരുതേയെന്നോതുവാന്‍
പൊന്തിയ നാവിനെകെട്ടിയിട്ട്, താലിചരടറുക്കുന്ന
പുരുഷനും ജനിപ്പിച്ചതിനാല്‍ അഛ്ചനാണ്.

ചോരയുടെ മണം‌പിടിച്ചെത്തുന്ന നായ്കളെ
ആട്ടിയോടിച്ച്, ചവറുകൂനയില്‍ നിന്നും കണ്ടെടുത്ത്
നാവില്‍ പൊന്നും തേനും തേച്ച് വളര്‍ത്തിയാലും
അവനെന്നും അയാള്‍ വളര്‍ത്തഛ്ചന്‍ മാത്രമാണ്
അറിയാതെ പറ്റിയ അബദ്ധത്തിന്റെ ചോരയില്‍
ആത്മാര്‍ത്ഥതയുടെ ജീനുകള്‍ വ്യാപരിക്കാത്തതാവാം
അന്യത്വം സൂക്ഷിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നത്

Sunday, 1 November 2009

പീഡനത്തിന് വില ഒരു രൂപ

കാമം മനസ്സിനെ മഥിക്കുമ്പോള്‍
അറുപത്തഞ്ചുകാരന്റെ കണ്ണില്‍
ആറുവയസ്സുകാരിയും പെണ്ണാണ്

അമ്മിഞ്ഞപാലിന്റെ മണമിറ്റും ചുണ്ടില്‍
ബീഡികറയുള്ള ചുണ്ടുരസുമ്പോഴും
കുഞ്ഞുടുപ്പിനുള്ളില്‍ വിരലുകളിഴയുമ്പോഴും
പൊട്ടിചിരിക്കുന്ന അവളുടെ കൈയ്യില്‍
ഒരു രൂപയുടെ തുട്ടു വച്ച് പറയാം
ആരോടും പറയാതിരുന്നാല്‍
നാളയും മിഠായി വാങ്ങാന്‍ കാശുതരാം

കുളിപ്പിക്കാന്‍ ഉടുപ്പഴിക്കുമ്പോള്‍
തുടയിലെ ചുവന്ന വിരല്‍ പാടുകള്‍
അംമ്മയുടെ നെഞ്ചിലേക്കാഴ്‌ന്നിറങ്ങുന്ന
ഞെട്ടിക്കുന്ന വാക്കുകളാകുമ്പോള്‍
പത്രങ്ങളില്‍ വാര്‍ത്ത വരും
ഭാര്യമരിച്ച അറുപത്തഞ്ച് കാരാന്‍
ആറുവയസ്സുകാരിയെ പീഡിപ്പിച്ചു
ദൈവ്വത്തിന്റെ സ്വന്തം നാട്ടില്‍
വ്യദ്ധന്മാരും വാര്‍ത്തകളില്‍ നിറയുകയാണ്

N.B: കൊട്ടാരക്കരയില്‍ അറുപത്തഞ്ച് വയസ്സുകാരന്‍, ചെറുമകളോടൊപ്പം സ്കൂളില്‍ പോകാന്‍ വന്ന ആറുവയസ്സുകാരിയെ പീഡിപ്പിച്ചുവന്ന വാര്‍ത്ത കണ്ടപ്പോള്‍ കുറിച്ചത്

സ്വയംഭോഗംതിരിച്ചറിവുണ്ടാകുന്ന പ്രായത്തില്‍
സ്വാര്‍ത്ഥതയുടെ വിത്ത് മുളക്കുമ്പോള്‍
തഴുതിട്ട വാതിലിനപ്പുറം കനത്ത നിശബ്ദതയില്‍
പെയ്തൊഴിയുന്ന വേനല്‍ മഴപോലെ
സ്വയം ഭോഗത്തിന്റെ സുഖമറിയുന്നു

പിമ്പുകളെ കിട്ടാത്തതുകൊണ്ടോ
വേശ്യാലയങ്ങളറിയാത്തതുകൊണ്ടോ
അവള്‍ സ്നേഹിക്കാത്തതുകൊണ്ടൊ അല്ല
അവനിന്നും സ്വയം ഭോഗം ചെയ്യുന്നത്

കൂടകിടക്കുന്ന പെണ്ണിന്റെ തേങ്ങലുകള്‍ക്കൊ
നേര്‍പാതിയുടെ ആത്മാഭിമാനത്തിനോ
കാമ പൂര്‍ത്തീകരണ സുഖത്തോളം
മനുഷ്യ മനസ്സില്‍ വിലയില്ലാത്തതിനാല്‍
അവനിന്നും സ്വയം ഭോഗം ചെയ്യുന്നു

Wednesday, 28 October 2009

അരുണ എന്റെ സ്നേഹിത

ഞാന്‍ നിന്റെ സ്നേഹിതനാണ്
ഒരു ആയുസ്സു മുഴുവനും ഒപ്പം ചിരിക്കാനും
കരയാനും സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കുവാനും
ആഗ്രഹിച്ച ഒരു നഗരവാസി

ബോധത്തിന്റെ ഫ്യൂസ് പോയ നിമിഷം
ഒപ്പം കൂട്ടുമോ എന്ന ചോദ്യം.
വേണോ എന്ന മറുചോദ്യത്തിന്
ഉത്തരം വെറുതേ ചിരിച്ചു തള്ളി

എന്നോടുള്ള നിന്റെ വിശ്വാസിയെ
ഒരിക്കലങ്കിലും ഒന്നു കാട്ടിത്തരാമോ?
എന്റെ കാതില്‍ ഒരു വെടി ഒച്ച അലച്ചു ...
പലര്‍ക്കൊപ്പം ചിരിച്ച നിനക്കും വിശ്വാസിയതയോ
ചുണ്ടില്‍ തെളിഞ്ഞ ചിരി അവള്‍ കാണാതെ
ഒളിപ്പിച്ചുകൊണ്ട് പറഞ്ഞു, എന്തൊരു ചൂട്.

Thursday, 8 October 2009

അശ്രുപൂജ

അക്ഷരപ്പേരു ചേര്‍ത്തു
കുറുക്കിയ പൈമ്പാലില്‍
പഞ്ചസാരയായി, പൊട്ടകല
മുപേക്ഷിച്ചവസാന യാത്രയാകെ

ചന്ദനം പൂശിയാ കുളിര്‍ നെറ്റിയില്‍
നല്‍കട്ടെ, കെട്ടിപിടിച്ച് നിനക്കെന്റെ
അവസാന ചുംബനം

മിഴിയിണ പൂട്ടി നിന്‍ അന്ത്യയാത്രക്ക്
പേടകമാ കുഴിയിലേക്കിറക്കവേ
തൂവട്ടെ കണ്ണീരില്‍ നനച്ചൊരു പിടി
പച്ച മണ്ണിന്‍ഗന്ധം, പുതച്ചിനിയുറങ്ങുക

പിന്‍‌വിളി കേള്‍ക്കാതെ
തിരിഞ്ഞൊട്ടു നോക്കാതെ
പേര്‍ത്തും ചിരിച്ചും, പകലുണക്കാ-
ത്തൊ രോര്‍മ്മയായ് പോകുക

വരുമൊരു നാളിലെന്‍
ചെഞ്ചോരചാറി ചുവന്നൊരു
ചെമ്പനിനീര്‍ പൂവുമായ് നിന്‍
സ്മരണ കുടീരത്തില്‍ വച്ചിറ്റു കണ്ണീര്‍
വാര്‍ത്ത് അശ്രുപൂജ ചെയ്‌വാന്‍

-മനസ്സില്‍ ഒരു നൊമ്പരം ബാക്കിയാക്കി കടന്നുപോയ ജ്യോനവന്-