Saturday 20 November 2010

അനാഥത്വത്തിലേക്ക് മടങ്ങുന്നവർ

ഒരിക്കലും മടങ്ങി വരാനാകാത്ത
നാളുകളിലേക്കാണ്‌ നമ്മൾ നടന്നകന്നത്
ഇനി
ഒരു ഉമ്മ കിട്ടാതെ
ഒരു വാക്കിനോ ഒരു വിളിക്കോ
തീര്‍ക്കാന്‍ കഴിയുന്ന അനാഥത്വം
പോലും പരിഹരിക്കപ്പെടാതെ പോകും.
ഒരു മഴ പൈതൊഴിയുന്നപോലെ
നമ്മുടെ സ്വാസ്ഥ്യങ്ങൾ
ഊർന്നു പോകും.

ജരാനരകളിൽ
വരാന്തയിലെ ചാരുകസലയിൽ
ഭൂതകാലത്തിലേക്ക്
കണ്ണുപായുമ്പോൾ
അറിയാതെ നരച്ച നേത്രങ്ങളിൽ
ഒരിറ്റു നീർ ഉറഞ്ഞുകൂടും
അപ്പോഴേക്കും നമുക്ക്
നമ്മെ തന്നെ നഷ്ടമായിരിക്കും
അന്ന്
എണ്ണവറ്റുന്ന വിളക്കില്‍
വെളിച്ചം ഊര്‍ന്നുപോകുമ്പോലെ
നമ്മുടെ കാഴ്ചയും ഇരുട്ടു മൂടും.
.

Friday 12 November 2010

കനല്‍‌പാടുകള്‍

കാതോര്‍ത്തു ഞാനിന്നും നിന്‍ മധുസ്വനത്തിനായ്
എന്നാത്മാവിന്‍ ലയത്തിനായ്.
താളം തെറ്റിയ പുഴയൊഴുക്കുപോലെ,
ധമനികളിലെ ചോരയോട്ടത്തിന്റെ ഓളം
നഷ്ടമായിരിക്കുന്നു ഇവന്.
ഈ വേര്‍പാടെനിക്കു താങ്ങുവതല്ലെന്നറിഞ്ഞാലും.

നീ പാതി പാടാതെപോയ പാട്ടിന്റെ ശീലുകള്‍ക്കായ്
കാതോര്‍ക്കുന്നു ഞാനിന്നും വൃഥാ.
മനസ്സിലെരിഞ്ഞമരുന്ന ചിതയിലെ കനലെടുത്ത്
വിരഹം കത്തുന്ന വാക്കുകളാല്‍
വരച്ചുകാണിച്ചതല്ലേ സ്വയം, എന്നിട്ടും
എന്തേ ഒരു വരി കുറിക്കാതെപോയി എനിക്കുവേണ്ടി നീ?.

മറവിക്കുമുന്നില്‍
തന്മാത്രകളായ് ഓര്‍മ്മകള്‍ തോറ്റടിയും വരെ,
നിനക്കെന്നെ സ്നേഹിച്ചുകൂടെ?
പൈതൊഴിയാത്ത മഴനൂലുകളെ വകഞ്ഞുമാറ്റി,
നടന്നകലുന്ന വെളുത്തപാദങ്ങള്‍...
കാല്‍‌പാടുകള്‍ മഴവന്നു മായ്‌കും വരെ,
ചോര വാര്‍ന്നൊഴുകുന്നൊരെന്‍ സ്വപ്നങ്ങളുമായ്,
നീ എന്നിലേക്കണയുന്ന കാലത്തിനായ് കാത്തിരിക്കട്ടേ?

മുമ്പൊരിക്കൽ പ്രസിദ്ധീകരിച്ചത്

Sunday 20 December 2009

സൗഹ്യദം

ദു:ഖം നിറഞ്ഞ സ്വന്തം ബാല്യത്തെ
മധുരം നിറഞ്ഞ വേദനയോടെ
ഒരു കവി സ്നേഹിക്കുന്നതുപോലെ
നീ എന്നെ സ്നേഹിക്കണം

കൈവിട്ടുപോയ സ്വന്തം ജീവിതത്തെ
നിരാശ നിറഞ്ഞ വേദനയോടെ
ഒരു ഭിക്ഷാംദേഹി ഓര്‍ക്കുന്നതുപോലെ
നീ എന്നെ ഓര്‍ക്കണം

ആള്‍ക്കൂട്ടത്തില്‍ നഷ്ടപ്പെട്ടുപോയ
സ്വന്തം കുഞ്ഞിനെ ഒരു അമ്മ
തിരയുന്നതുപോലെ നീ എന്നെ തേടണം

അങ്ങനെ
മുറിച്ചുമാറ്റാന്‍ കഴിയാത്ത ക്യാന്‍സര്‍പോലെ
നിന്റെ മജ്ജയിലും മാംസത്തിലും ഓരോ-
രോമകൂപങ്ങളിലും എനിക്ക് പടര്‍ന്നു കയറണം.


ചില സൗഹ്യദങ്ങള്‍ അങ്ങനയാണ്. തളിരായ് തന്നെ കൊഴിയും.
മനുഷ്യന്‍ നിസഹായനാകുന നിമിഷങ്ങളിലൊന്ന്.
ഇത് കൈവിട്ടുപോകുന്ന എന്റെ സൗഹ്യദത്തിന്.

-പോഡ്‌കാസ്റ്റ് കേള്‍ക്കാന്‍ മറക്കണ്ട-

Monday 30 November 2009

രോഹിണിയുടെ മകള്‍

അവള്‍
കാണാന്‍ അതിസുന്ദരിയായിരുന്നു
മണ സോപ്പിട്ട് കുളിപ്പിച്ച്, നന്നായ് തോര്‍ത്തി
ചന്ദനം ചാര്‍ത്തി കഴിഞ്ഞാല്‍
കുഷ്യനിട്ട സെറ്റിയില്‍, പങ്കയുടെ കാറ്റേറ്റ്
സുഖമായ് കൂര്‍ക്കം വലിച്ച് ഒന്നുറങ്ങണം

ആരങ്കിലും വിരുന്നുകാര്‍ വീട്ടില്‍ വന്നാല്‍
ഓടി എന്റെ അടുത്ത് വരും
അവര്‍ പോകും വരെ വഴക്കുണ്ടാക്കാതെ
എന്റെ ഓരം ചാരി നില്‍ക്കും

ഞാന്‍
മുറ്റത്തേക്കോ തൊടിയിലേക്കോ ഇറങ്ങിയാല്‍
അവള്‍ക്കും ഒപ്പം വരണം
ജോലിക്കു പോകാന്‍ ഇറങ്ങുമ്പോള്‍ അവളുടെ
കണ്ണുതപ്പി വേണം പടിപ്പുര കടക്കാന്‍

എന്നെ വീട്ടില്‍ കാണാതായാല്‍ പിന്നെ
കരഞ്ഞു വിളിച്ച് അമ്മയോട് വല്ലാത്ത വഴക്കാണ്
വൈകുന്നേരം ആഫീസില്‍ നിന്നും തിരികെ
എത്തുമ്പോള്‍ എന്നെ കാത്ത് ഉമ്മറത്തുണ്ടാകും

രാത്രി
അത്താഴം കഴിഞ്ഞാല്‍ അടുക്കളയില്‍ നിന്നും
ഞാന്‍ ഇറങ്ങും വരെ എന്റെ അടുത്തുനിന്ന് മാറില്ല
അടുക്കളയിലെ ദീപം അണച്ചാല്‍ വേഗം
എനിക്ക് മുന്‍പേ കിടപ്പുമിറിയിലേക്ക് ഓടും

പാലുകുടിച്ച് മുഖം ഇരു കൈകൊണ്ടും തുടച്ച്
പുതപ്പിനടിയില്‍ എന്റെ ചൂടേറ്റ് കിടന്നേ ഉറങ്ങൂ
രാത്രി എന്തങ്കിലും ഒച്ച കേട്ടാല്‍, ഞാന്‍ എഴുന്നേറ്റാല്‍
അവളും ചാടി എഴുനേറ്റ് കരഞ്ഞ് ഒച്ചയുണ്ടാക്കും

ഇന്നലെ
രാവിലെ അവള്‍ പതിയെ ശബ്ദത്തില്‍
വല്ലാതെ കരഞ്ഞു, കുറേ ഛര്‍ദ്ദിച്ചു
അവധി എടുത്ത് ആശുപത്രിയില്‍ എത്തിക്കുമ്പോള്‍
അവള്‍ തീരെ അവശയായിരുന്നു

പാലില്‍ കലക്കിയ മരുന്നു കുടിച്ച് ഉറങ്ങിയപ്പോള്‍
ഇനി അവള്‍ ഉണരില്ലന്ന് കരുതിയില്ല്
പൂച്ചയങ്കിലും അവളെനിക്ക് മകളായിരുന്നതിനാല്‍
ഇനി മേലില്‍ ഞാന്‍ പൂച്ചയെ വളര്‍ത്തില്ല്


ജീവിതത്തില്‍ എപ്പൊഴങ്കിലുമൊക്കെ ഒരു പൂച്ചയെ ഇഷ്ടപ്പെടാത്തവര്‍ വളരെ കുറവായിരിക്കും. എത്ര ഇഷ്ടമില്ലാത്തവരായാലും ഒരു പൂച്ചയെ വളര്‍ത്തിയാല്‍ അതിനോട് വല്ലാത്ത ഒരു ആത്മബന്ധം ഉണ്ടായിപോകും. അതാണ് പൂച്ച. ഒരേസമയം ഏഴ് പൂച്ചകളെ സ്നേഹിച്ച വീട്ടില്‍ പെട്ടന്നൊരു ദിവസം എന്തോ അസുഖം വന്ന് എല്ലാം ഇല്ലാതായപ്പോള്‍ തോന്നിയ ശൂന്യത, ഇന്നലെ ഒരു സുഹ്യത്ത്, അവളുടെ പൂച്ച ചത്തുപോയി എന്ന് പറഞ്ഞപ്പോള്‍ വീണ്ടും ഓര്‍ത്തുപോയി. എന്റെ വീട്ടിലെ ചിഞ്ചു എന്നു വിളിപ്പേരുണ്ടായിരുന്ന ബുദ്ധിമതിയായ സുന്ദരിപൂച്ചയുടെ ജീവിതമാണ് ഇത്. ഇതിനെ കവിതയന്നോ ഗദ്യമന്നോ വായനക്കാരന്റെ ഇഷ്ടം പോലെ വിളിക്കാം.

-30 November 2009-

Thursday 26 November 2009

ഒരു മഴ പൈതങ്കില്‍

ഒരു മഴ പൈതങ്കില്‍
എന്നെ നനച്ചെന്റെ മനം
കുളിര്‍ക്കെയൊരു മഴ പൈയ്തങ്കില്‍
ഒരു രാത്രി മഴ തകര്‍ത്തു പൈയ്തങ്കില്‍

വേനലില്‍ കരിയുന്ന മനമുരുകുന്നു
ആര്‍ക്കാണ് വിറ്റതെന്‍ ഹ്യദയം
സ്വപ്നങ്ങള്‍ തേടിയോരെന്‍ ഹ്യദയത്തെ
മുറിച്ച് വിറ്റ് നീ എന്തു നേടി

മുടിയിഴ മറച്ചൊരാ മിഴിയിണ
ചുംബിച്ചെടുത്തോരോ നിമിഷവും
പ്രണയമൊഴുക്കി പകുത്ത
രാത്രി മഴയോടെന്തിനു പിണങ്ങണം

രാവൊഴിഞ്ഞിട്ടും പകലെരിഞ്ഞിട്ടും
നരച്ച കാഴ്ചകള്‍ക്കിടയില്‍ തേടുന്നു
വ്യഥാ നെയ്ത കനവിനാലെണ്ണി-
പടുത്ത പ്രണയ ഹ്യദയം

ഒരു മഴ പൈയ്തങ്കില്‍
ചോരവാര്‍ന്ന് ശൂന്യമായൊരാ
ഹ്യദയത്തില്‍ സ്വപ്നം നിറച്ചൊട്ടു-
നേരമൊന്നുറങ്ങാനൊരു മഴ പൈയ്തങ്കില്‍
ഒരു രാത്രി മഴ തകര്‍ത്തു പൈയ്തങ്കില്‍

Wednesday 25 November 2009

ചിത

മരണമൊരാര്‍ത്ത നാദമായ്
ഉപ്പു രുചിച്ചീറന്‍ കവിളിനെ
ചുംബിച്ചെടുത്തോരോ
നെഞ്ചില്‍ ചൂട്ടെരിച്ചൊമല്‍
സ്വപ്നങ്ങളെ
ചിതയിലേക്കെടുക്കവേ

ഏറ്റുവാങ്ങുക
ഉറയുരിഞ്ഞ പാമ്പിനെ
ഓംകാര ശബ്ദം പിറക്കും
കണ്ഠത്തില്‍ ചുറ്റുക

ഉടുക്കിന്‍ ശബ്ദം മുറുകവേ
ചടുല ന്യത്തമാടി
തീപകര്‍ന്നീ ചിതയെരിക്കുക

Thursday 19 November 2009

തന്തയില്ലാത്തവന്‍

കൈകൊണ്ട് പിടിച്ചു കളയേണ്ട ശുക്ലം
മഷിപടര്‍ന്ന ഒരു അക്ഷരതെറ്റുപോലെ
ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കപ്പെട്ടതിനാല്‍
പെറ്റിട്ട ചോരയെ, വലം കാല്‍ കൊണ്ട്
ചവിട്ടിയെറുയുമ്പോള്‍, അരുതേയെന്നോതുവാന്‍
പൊന്തിയ നാവിനെകെട്ടിയിട്ട്, താലിചരടറുക്കുന്ന
പുരുഷനും ജനിപ്പിച്ചതിനാല്‍ അഛ്ചനാണ്.

ചോരയുടെ മണം‌പിടിച്ചെത്തുന്ന നായ്കളെ
ആട്ടിയോടിച്ച്, ചവറുകൂനയില്‍ നിന്നും കണ്ടെടുത്ത്
നാവില്‍ പൊന്നും തേനും തേച്ച് വളര്‍ത്തിയാലും
അവനെന്നും അയാള്‍ വളര്‍ത്തഛ്ചന്‍ മാത്രമാണ്
അറിയാതെ പറ്റിയ അബദ്ധത്തിന്റെ ചോരയില്‍
ആത്മാര്‍ത്ഥതയുടെ ജീനുകള്‍ വ്യാപരിക്കാത്തതാവാം
അന്യത്വം സൂക്ഷിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നത്